പുറപ്പാടു്

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40


അദ്ധ്യായം 33

അനന്തരം യഹോവ മോശെയോടു കല്പിച്ചതു എന്തെന്നാൽ നീയും മിസ്രയീംദേശത്തുനിന്നു നീ കൊണ്ടുവന്ന ജനവും ഇവിടെ നിന്നു പുറപ്പെട്ടു, നിന്റെ സന്തതിക്കു കൊടുക്കുമെന്നു ഞാൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്കു,
2 പാലും തേനും ഒഴുകുന്ന ദേശത്തേക്കു, തന്നേ, പോകുവിൻ. ഞാൻ ഒരു ദൂതനെ നിനക്കു മുമ്പായി അയക്കും; കനാന്യൻ, അമോർയ്യൻ, ഹിത്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവരെ ഞാൻ ഓടിച്ചുകളയും.
3 വഴിയിൽവെച്ചു ഞാൻ നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന്നു ഞാൻ നിന്റെ നടുവിൽ നടക്കയില്ല; നീ ദുശ്ശാഠ്യമുള്ള ജനം ആകുന്നു.
4 ദോഷകരമായ ഈ വചനം കേട്ടപ്പോൾ ജനം ദുഃഖിച്ചു; ആരും തന്റെ ആഭരണം ധരിച്ചതുമില്ല.
5 നിങ്ങൾ ദുശ്ശാഠ്യമുള്ള ജനം ആകുന്നു; ഞാൻ ഒരു നിമിഷനേരം നിന്റെ നടുവിൽ നടന്നാൽ നിന്നെ സംഹരിച്ചുകളയും; അതുകൊണ്ടു ഞാൻ നിന്നോടു എന്തു ചെയ്യേണം എന്നു അറിയേണ്ടതിന്നു നീ നിന്റെ ആഭരണം നീക്കിക്കളക എന്നിങ്ങനെ യിസ്രായേൽ മക്കളോടു പറക എന്നു യഹോവ മോശെയോടു കല്പിച്ചിരുന്നു.
6 അങ്ങനെ ഹോരേബ് പർവ്വതത്തിങ്കൽ തുടങ്ങി യിസ്രായേൽമക്കൾ ആഭരണം ധരിച്ചില്ല.
7 മോശെ കൂടാരം എടുത്തു പാളയത്തിന്നു പുറത്തു പാളയത്തിൽനിന്നു ദൂരത്തു അടിച്ചു; അതിന്നു സമാഗമനക്കുടാരം എന്നു പേർ ഇട്ടു. യഹോവയെ അന്വേഷിക്കുന്നവനെല്ലാം പുറപ്പെട്ടു പാളയത്തിന്നു പുറത്തുള്ള സമാഗമന കൂടാരത്തിലേക്കു ചെന്നു.
8 മോശെ കൂടാരത്തിലേക്കു പോകുമ്പോൾ ജനം ഒക്കെയും എഴുന്നേറ്റു ഒരോരുത്തൻ താന്താന്റെ കൂടാരവാതിൽക്കൽ നിന്നു, മോശെ കൂടാരത്തിന്നകത്തു കടക്കുവേളം അവനെ നോക്കിക്കൊണ്ടിരുന്നു.
9 മോശെ കൂടാരത്തിൽ കടക്കുമ്പോൾ മേഘസ്തംഭം ഇറങ്ങി കൂടാരവാതിൽക്കൽ നിൽക്കയും യഹോവ മോശെയോടു സംസാരിക്കയും ചെയ്തു.
10 ജനം എല്ലാം കൂടാരവാതിൽക്കൽ മേഘസ്തംഭം നില്ക്കുന്നതു കണ്ടു. ജനം എല്ലാം എഴുന്നേറ്റു ഓരോരുത്തൻ താന്താന്റെ കൂടാരവാതിൽക്കൽവെച്ചു നമസ്കരിച്ചു.
11 ഒരുത്തൻ തന്റെ സ്നേഹിതനോടു സംസാരിക്കുന്നതു പോലെ യഹോവ മോശെയോടു അഭിമുഖമായി സംസാരിച്ചു. പിന്നെ അവൻ പാളയത്തിലേക്കു മടങ്ങിവന്നു; അവന്റെ ശുശ്രൂഷക്കാരനായ നൂന്റെ പുത്രനായ യോശുവ എന്ന ബാല്യക്കാരനോ കൂടാരത്തെ വിട്ടുപിരിയാതിരുന്നു.
12 മോശെ യഹോവയോടു പറഞ്ഞതു എന്തെന്നാൽ: ഈ ജനത്തെ കൂട്ടിക്കൊണ്ടു പോക എന്നു നീ എന്നോടു കല്പിച്ചുവല്ലോ; എങ്കിലും ആരെ എന്നോടുകൂടെ അയക്കുമെന്നു അറിയിച്ചുതന്നില്ല; എന്നാൽ: ഞാൻ നിന്നെ അടുത്തു അറിഞ്ഞിരിക്കുന്നു; എനിക്കു നിന്നോടു കൃപ തോന്നിയിരിക്കുന്നു എന്നു നീ അരുളിച്ചെയ്തിട്ടുണ്ടല്ലോ.
13 ആകയാൽ എന്നോടു കൃപയുണ്ടെങ്കിൽ നിന്റെ വഴി എന്നെ അറിയിക്കേണമേ; നിനക്കു എന്നോടു കൃപയുണ്ടാകുവാന്തക്കവണ്ണം ഞാൻ നിന്നെ അറിയുമാറാകട്ടെ; ഈ ജാതി നിന്റെ ജനം എന്നു ഓർക്കേണമേ.
14 അതിന്നു അവൻ: എന്റെ സാന്നിദ്ധ്യം നിന്നോടുകൂടെ പോരും; ഞാൻ നിനക്കു സ്വസ്ഥത നല്കും എന്നു അരുളിച്ചെയ്തു.
15 അവൻ അവനോടു: തിരുസാന്നിദ്ധ്യം എന്നോടുകൂടെ പോരുന്നില്ല എങ്കിൽ ഞങ്ങളെ ഇവിടെനിന്നു പുറപ്പെടുവിക്കരുതേ.
16 എന്നോടും നിന്റെ ജനത്തോടും കൃപ ഉണ്ടെന്നുള്ളതു ഏതിനാൽ അറിയും? നീ ഞങ്ങളോടുകൂടെ പോരുന്നതിനാലല്ലയോ? അങ്ങനെ ഞാനും നിന്റെ ജനവും ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു വിശേഷതയുള്ളവരായിരിക്കും എന്നു പറഞ്ഞു.
17 യഹോവ മോശെയോടു: നീ പറഞ്ഞ ഈ വാക്കുപോലെ ഞാൻ ചെയ്യും; എനിക്കു നിന്നോടു കൃപ തോന്നിയിരിക്കുന്നു; ഞാൻ നിന്നെ അടുത്തു അറിഞ്ഞുമിരിക്കുന്നു എന്നു അരുളിച്ചെയ്തു.
18 അപ്പോൾ അവൻ: നിന്റെ തേജസ്സു എനിക്കു കാണിച്ചു തരേണമേ എന്നപേക്ഷിച്ചു.
19 അതിന്നു അവൻ: ഞാൻ എന്റെ മഹിമ ഒക്കെയും നിന്റെ മുമ്പാകെ കടക്കുമാറാക്കി യഹോവയുടെ നാമത്തെ നിന്റെ മുമ്പാകെ ഘോഷിക്കും; കൃപ ചെയ്‍വാൻ എനിക്കു മനസ്സുള്ളവനോടു ഞാൻ കൃപ ചെയ്യും; കരുണ കാണിപ്പാൻ എനിക്കു മനസ്സുള്ളവന്നു ഞാൻ കരുണ കാണിക്കും എന്നരുളിച്ചെയ്തു.
20 നിനക്കു എന്റെ മുഖം കാണ്മാൻ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല എന്നും അവൻ കല്പിച്ചു.
21 ഇതാ, എന്റെ അടുക്കൽ ഒരു സ്ഥലം ഉണ്ടു; അവിടെ ആ പാറമേൽ നീ നിൽക്കേണം.
22 എന്റെ തേജസ്സു കടന്നുപോകുമ്പോൾ ഞാൻ നിന്നെ പാറയുടെ ഒരു പിളർപ്പിൽ ആക്കി ഞാൻ കടന്നുപോകുവോളം എന്റെ കൈകൊണ്ടു നിന്നെ മറെക്കും.
23 പിന്നെ എന്റെ കൈ നീക്കും; നീ എന്റെ പിൻഭാഗം കാണും; എന്റെ മുഖമോ കാണാവതല്ല എന്നും യഹോവ അരുളിച്ചെയ്തു.