വെളിപ്പാടു

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22


അദ്ധ്യായം 5

ഞാൻ സിംഹാസനത്തിൽ ഇരിക്കുന്നവന്റെ വലങ്കയ്യിൽ അകത്തും പുറത്തും എഴുത്തുള്ളതായി ഏഴു മുദ്രയാൽ മുദ്രയിട്ടൊരു പുസ്തകം കണ്ടു.
2 ആ പുസ്തകം തുറപ്പാനും അതിന്റെ മുദ്ര പൊട്ടിപ്പാനും യോഗ്യൻ ആരുള്ളു എന്നു അത്യുച്ചത്തിൽ ഘോഷിക്കുന്ന ശക്തനായോരു ദൂതനെയും കണ്ടു.
3 പുസ്തകം തുറപ്പാനോ നോക്കുവാനോ സ്വർഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും ആർക്കും കഴിഞ്ഞില്ല.
4 പുസ്തകം തുറന്നു വായിപ്പാനെങ്കിലും അതു നോക്കുവാനെങ്കിലും യോഗ്യനായി ആരെയും കാണായ്കകൊണ്ടു ഞാൻ ഏറ്റവും കരഞ്ഞു.
5 അപ്പോൾ മൂപ്പന്മാരിൽ ഒരുത്തൻ എന്നോടു: കരയേണ്ട; യെഹൂദാഗോത്രത്തിലെ സിംഹവും ദാവീദിന്റെ വേരുമായവൻ പുസ്തകവും അതിന്റെ ഏഴുമുദ്രയും തുറപ്പാൻ തക്കവണ്ണം ജയം പ്രാപിച്ചിരിക്കുന്നു എന്നു പറഞ്ഞു.
6 ഞാൻ സിംഹസനത്തിന്റെയും നാലു ജീവികളുടെയും നടുവിലും മൂപ്പന്മാരുടെ മദ്ധ്യത്തിലും ഒരു കുഞ്ഞാടു അറുക്കപ്പെട്ടതുപോലെ നില്ക്കുന്നതു കണ്ടു: അതിന്നു ഏഴു കൊമ്പും സർവ്വഭൂമിയിലേക്കും അയച്ചിരിക്കുന്ന ഏഴു ദൈവാത്മാക്കൾ ആയ ഏഴു കണ്ണും ഉണ്ടു.
7 അവൻ വന്നു സിംഹാസനത്തിൽ ഇരിക്കുന്നവന്റെ വലങ്കയ്യിൽ നിന്നു പുസ്തകം വാങ്ങി.
8 വാങ്ങിയപ്പോൾ നാലുജീവികളും ഇരുപത്തുനാലു മൂപ്പന്മാരും ഓരോരുത്തൻ വീണയും വിശുദ്ധന്മാരുടെ പ്രാർത്ഥന എന്ന ധൂപവർഗ്ഗം നിറഞ്ഞ പൊൻകലശവും പിടിച്ചുകൊണ്ടു കുഞ്ഞാടിന്റെ മുമ്പാകെ വീണു.
9 പുസ്തകം വാങ്ങുവാനും അതിന്റെ മുദ്ര പൊട്ടിപ്പാനും നീ യോഗ്യൻ; നീ അറുക്കപ്പെട്ടു നിന്റെ രക്തം കൊണ്ടു സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിന്നായി വിലെക്കു വാങ്ങി;
10 ഞങ്ങളുടെ ദൈവത്തിന്നു അവരെ രാജ്യവും പുരോഹിതന്മാരും ആക്കിവെച്ചു; അവർ ഭൂമിയിൽ വാഴുന്നു എന്നൊരു പുതിയ പാട്ടു അവർ പാടുന്നു.
11 പിന്നെ ഞാൻ ദർശനത്തിൽ സിംഹാസനത്തിന്റെയും ജീവികളുടെയും മൂപ്പന്മാരുടെയും ചുറ്റിലും ഏറിയ ദൂതന്മാരുടെ ശബ്ദം കേട്ടു; അവരുടെ എണ്ണം പതിനായിരം പതിനായിരവും ആയിരം ആയിരവും ആയിരുന്നു.
12 അവർ അത്യുച്ചത്തിൽ: അറുക്കപ്പെട്ട കുഞ്ഞാടു ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യൻ എന്നു പറഞ്ഞു.
13 സ്വർഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും സമുദ്രത്തിലും ഉള്ള സകല സൃഷ്ടിയും അവയിലുള്ളതു ഒക്കെയും: സിംഹാസനത്തിൽ ഇരിക്കുന്നവനും കുഞ്ഞാടിനും സ്തോത്രവും ബഹുമാനവും മഹത്വവും ബലവും എന്നെന്നേക്കും ഉണ്ടാകട്ടെ എന്നു പറയുന്നതു ഞാൻ കേട്ടു.
14 നാലു ജീവികളും: ആമേൻ എന്നു പറഞ്ഞു; മൂപ്പന്മാർ വീണു നമസ്കരിച്ചു.